
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി എം.ശോഭന(56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ കേരളത്തിൽ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി.
ശോഭനയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്നു മുതൽ അബോധാവസ്ഥയിലായിരുന്നു. മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ചികിത്സ തുടരവെ അന്ത്യം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴും മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ മൂന്നു കുട്ടികളും ഉൾപ്പെടെ നിലവിൽ പത്തുപേരാണ് അമീബിക് മസ്തിഷ്കജ്വര രോഗബാധയിൽ കോഴിക്കോട്ട് ചികിത്സയിലുള്ളത്. ഇതിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുളള ഒരാളുടെ നില ഗുരുതരമാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം വർധിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടപടികളും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്.











